പഞ്ചായത്തിലൂടെ

🌍 പഞ്ചായത്തിലൂടെ – ഭൂപ്രകൃതി
📍 ഭൗമസ്ഥിതി

പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ വടക്ക് അരൂക്കുറ്റി പഞ്ചായത്ത്, കിഴക്ക് വേമ്പനാട്ടുകായൽ, തെക്ക് തൈക്കാട്ടുശ്ശേരി പഞ്ചായത്ത്, പടിഞ്ഞാറ് ഉളവയ്പ് കായൽ എന്നിവയാണ് അതിർത്തികൾ.

മണൽമണ്ണ് നിറഞ്ഞ സമതല പ്രദേശമായ പാണാവള്ളി, വേമ്പനാട്ടുകായലിലെ ഒരു വലിയ ദ്വീപിന്റെ ഭാഗമാണ്. പഞ്ചായത്തിന്റെ കിഴക്കും പടിഞ്ഞാറും കായൽ പ്രദേശങ്ങളാണ് വ്യാപിച്ചു കിടക്കുന്നത്.

🌿 ഭൂപ്രകൃതിയുടെ പ്രത്യേകതകൾ
  • 🌊 ശാസ്താംകരി, വലിയകരി എന്നീ കായൽ നിലങ്ങൾ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 30–40 സെന്റീമീറ്റർ താഴെയാണ്.
  • 🏝️ അഞ്ചുതുരുത്ത് പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 30–40 സെന്റീമീറ്റർ ഉയരത്തിലാണ്.
  • ⛰️ പഞ്ചായത്തിന്റെ മധ്യഭാഗം സമുദ്രനിരപ്പിൽ നിന്ന് 3–4 മീറ്റർ ഉയരത്തിലാണ്.
  • 🌾 വേമ്പനാട്ടുകായലിലെ വലിയ ദ്വീപിന്റെ ഭാഗമായ ഈ പഞ്ചായത്ത് പ്രധാനമായും ഒരു കാർഷിക ഗ്രാമമാണ്.
🌾 കാർഷിക മേഖലകൾ

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ താഴെപ്പറയുന്ന കാർഷിക മേഖലകൾ കാണപ്പെടുന്നു.

മേഖലപ്രധാന സവിശേഷത
🌊 കായൽ നിലങ്ങൾനെൽകൃഷിയും ചെമ്മീൻവാറ്റും
🥥 തെങ്ങ് കൃഷി മേഖല800 ഹെക്ടറിൽ തെങ്ങ് കൃഷി
🌱 മണൽപ്രദേശംകൂട്ടുമുണ്ടകൻ കൃഷി, തെങ്ങ് കൃഷി
🌳 വൃക്ഷസമൃദ്ധ പ്രദേശംകശുമാവ്, ആഞ്ഞിലി, കുടംപുളി തുടങ്ങിയവ
🏝️ ദ്വീപ് സമൂഹംവേമ്പനാട്ടുകായലിലെ 8 ചെറിയ ദ്വീപുകൾ
💧 ജലവിഭവങ്ങൾ
  • 💦 പൂച്ചാക്കൽ തോട്
  • 💦 പള്ളിത്തോട് (പുത്തൻതോട്)
  • 💦 ആന്നലത്തോട്
  • 💦 കുഴിക്കരതോട്
  • 💦 നിരവധി കൈത്തോടുകൾ

ഈ തോടുകളും കൈത്തോടുകളും മഴക്കാലത്ത് അധികജലം വേമ്പനാട്ടുകായലിലേക്ക് ഒഴുകാൻ സഹായിക്കുന്നു.

🌱 മണ്ണും പ്രധാന കൃഷികളും
  • 🌾 പ്രധാന കൃഷികൾ – നെല്ലും തെങ്ങും
  • 🦐 കായൽ നിലങ്ങളിൽ നെൽകൃഷിക്ക് ശേഷം ചെമ്മീൻവാറ്റ്
  • 🥥 പഞ്ചായത്തിലെ പ്രധാന വിള – തെങ്ങ് (800 ഹെക്ടർ)
  • 🌿 കായലോരങ്ങളിൽ കൈത കൃഷി
  • 🟤 അമ്ലതയുള്ള ഓരുമണ്ണ്, ചെളിമണ്ണ്, ചൊരിമണൽ എന്നിവയാണ് പ്രധാന മണ്ണിനങ്ങൾ.
  • 📉 പൊതുവെ മണ്ണിന്റെ വളക്കൂറ് കുറവാണ്.

📌 സംഗ്രഹം

വേമ്പനാട്ടുകായലിനാൽ ചുറ്റപ്പെട്ട ഭൂപ്രകൃതി, സമൃദ്ധമായ കായൽ നിലങ്ങൾ, കാർഷിക പാരമ്പര്യം, ജലസമ്പത്ത്, ദ്വീപ് സമൂഹങ്ങൾ എന്നിവയുടെ സവിശേഷതകളാൽ പാണാവള്ളി ഗ്രാമപഞ്ചായത്ത് കേരളത്തിലെ ശ്രദ്ധേയമായ കാർഷിക-ജലാധിഷ്ഠിത ഗ്രാമപ്രദേശങ്ങളിലൊന്നാണ്.

 

ഭൂപ്രകൃതി

വടക്ക് അരൂക്കുറ്റി പഞ്ചായത്ത്, കിഴക്ക് വേമ്പനാട്ടുകായല്‍, തെക്ക് തൈക്കാട്ടുശ്ശേരി പഞ്ചായത്ത്, പടിഞ്ഞാറ് വേമ്പനാട്ടുകായലിന്റെ കൈവഴിയായ ഉളവയ്പ് കായല്‍ എന്നിവയാണ് പാണാവള്ളിയുടെ അതിരുകള്‍. മണല്‍മണ്ണ് നിറഞ്ഞ പ്രദേശമായ പാണാവള്ളി പഞ്ചായത്ത് ഒരു സമതലപ്രദേശമാണ്. വേമ്പനാട്ടുകായലിലെ ഒരു വലിയ ദ്വീപിന്റെ ഭാഗമായ പഞ്ചായത്തിന് കിഴക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ കായല്‍ പ്രദേശമാണ്. കുട്ടനാട്ടിലെപോലെ കായല്‍ കുത്തിയെടുത്ത രണ്ടു കായല്‍നിലങ്ങളായ ശാസ്താംകരി, വലിയകരി എന്നിവ സമുദ്രനിരപ്പില്‍ നിന്ന് 30-40 സെന്റീമീറ്ററോളം താഴെസ്ഥിതി ചെയ്യുന്നു. കിഴക്കേയതിരിലുള്ള അഞ്ചുതുരുത്ത് സമുദ്രനിരപ്പില്‍ നിന്ന് 30-40 സെന്റീമീറ്ററോളം ഉയരത്തിലാണ്. തീരപ്രദേശത്തുനിന്നും മാറി മധ്യഭാഗം സമുദ്രനിരപ്പില്‍ നിന്ന് 3-4 മീറ്റര്‍ ഉയരത്തിലാണ്. വേമ്പനാട്ടു കായലിലുള്ള ഒരു വലിയ ദ്വീപിലെ നാലു പഞ്ചായത്തുകളിലൊന്നായ പാണാവള്ളി ഒരു കാര്‍ഷികഗ്രാമമാണ്. പടിഞ്ഞാറ് വേമ്പനാട്ടുകായല്‍ കുത്തിയെടുത്ത് കൃഷിയോഗ്യമാക്കിയ വലിയകരി, ശാസ്താംകരി എന്നീ കായല്‍ നിലങ്ങള്‍, തീരപ്രദേശത്തെ കരിനിലങ്ങള്‍, ചെളിയും മണലും ചേര്‍ന്നതും പ്രധാനമായും തെങ്ങുകൃഷി ചെയ്യുന്നതുമായ പ്രദേശം, കൂട്ടുമുണ്ടകന്‍ കൃഷിയും തെങ്ങുകൃഷിയും ചെയ്യുന്ന മണല്‍പ്രദേശം, മധ്യഭാഗത്തെ തെങ്ങുകൃഷി മാത്രം ചെയ്യുന്ന ചൊരിമണല്‍പ്രദേശം, വീണ്ടും തെങ്ങും കൂട്ടുമുണ്ടകനും ചെയ്യുന്ന മണല്‍ പ്രദേശം, ചെറിയ മണ്‍കൂനകളും കശുമാവ്, ആഞ്ഞിലി, കുടംപുളി മുതലായ വിവിധ വൃക്ഷങ്ങളുള്ള മണല്‍പ്രദേശം, ചെളിയും മണലും ചേര്‍ന്ന തെങ്ങുകൃഷിപ്രദേശം, വേമ്പനാട്ടുകായലിലെ 8 ചെറിയ ദ്വീപസമൂഹം എന്നിങ്ങനെ പ്രധാനമായും പഞ്ചായത്തിനെ വിവിധ കാര്‍ഷികമേഖലകളായി തിരിക്കാം. പഞ്ചായത്തില്‍ പ്രധാനമായും ജലനിര്‍ഗമനത്തിനായി തെക്ക് പൂച്ചാക്കല്‍ തോടും, വടക്ക് പള്ളിത്തോടും(പുത്തന്‍തോടും) ഇവയ്ക്കിടയിലായി ആന്നലത്തോടും, കുഴിക്കരതോടും, ഇവയെ തെക്കുവടക്കായി ബന്ധിപ്പിക്കുന്ന പല ഉപതോടുകളും ഉണ്ട്. ഈ പ്രധാന തോടുകളിലേക്ക് പുരയിടങ്ങളില്‍ നിന്നും നിലങ്ങളില്‍നിന്നും ധാരാളം കൈത്തോടുകളും വന്നുചേരുന്നു. ഇവയെല്ലാം വര്‍ഷകാലത്തൊഴുകിയെത്തുന്ന അധികജലം വേമ്പനാട്ടുകായലിലേക്ക് ഒഴുകുവാന്‍ സഹായിക്കുന്നു. പ്രധാനകൃഷി നെല്ലും തെങ്ങും തന്നെ. കായല്‍ നിലങ്ങളിലും കരിനിലങ്ങളിലും ഒരുപ്പൂനെല്‍കൃഷിയും തുടര്‍ന്ന് ചെമ്മീന്‍വാറ്റുമാണ് പ്രധാനം. കായലോരപ്രദേശങ്ങളില്‍ തഴപ്പായ നെയ്ത്തിന് ഉപയോഗിക്കുന്ന കൈത അല്പമായി കൃഷി ചെയ്യുന്നുണ്ട്. ഏറ്റവും പ്രധാനകൃഷിയായ തെങ്ങ് 800 ഹെക്ടറില്‍ കൃഷി ചെയ്യുന്നു. പഞ്ചായത്തിലെ കായല്‍ നിലങ്ങളിലും കരിനിലങ്ങളിലും അമ്ളതയുള്ള ഓരുമണ്ണും(ആസിഡ് സലൈന്‍ സോയില്‍), കായലിനോട് അടുത്ത പ്രദേശത്ത് മണല്‍ കലര്‍ന്ന ചെളിമണ്ണും ഉള്ളിലോട്ട് പോകുന്തോറും ചെളിയുടെ അംശം കുറഞ്ഞ് മധ്യഭാഗത്ത് ചൊരിമണലും കാണുന്നു. മണ്ണ് പൊതുവെ വളക്കൂറ് കുറവുള്ളതാണ്.

അടിസ്ഥാനമേഖലകള്‍

ആദ്യകാലത്ത് കല്ലും മരവും കൊണ്ട് പണിത വീടുകള്‍ അപൂര്‍വ്വമായിരുന്നു. ഭൂവുടമകളുടേയും മറ്റും വീടുകള്‍ പുരാതന തച്ചുശാസ്ത്രപ്രകാരം നിര്‍മ്മിക്കപ്പെട്ടിരുന്ന നാലുകെട്ടുകള്‍ പോലുള്ളവയായിരുന്നു. അവ തന്നെ ഓല മേഞ്ഞവയുമായിരുന്നു. പ്രാദേശികമായി ലഭ്യമായിരുന്ന ഗൃഹനിര്‍മ്മാണസാമഗ്രികളാണ് ഉപയോഗിച്ചിരുന്നത്. തൊണ്ടഴുക്കലും ചകിരിപിരിച്ചു കയറുണ്ടാക്കലുമായിരുന്നു പഞ്ചായത്തിലെ പരമ്പരാഗതവ്യവസായം. ഇടത്തരക്കാരും തൊഴിലാളികളും ഒരു പ്രധാനകൈത്തൊഴിലായി ചകിരിപിരി നടത്തിപ്പോന്നു. പരമ്പരാഗതമായി കൈത്തറി നെയ്ത്തു നടത്തിവന്നിരുന്ന ഏതാനും കുടംബങ്ങളും പഞ്ചായത്തിലുണ്ടായിരുന്നു. കള്ളുവ്യവസായം ഒരു പരമ്പരാഗത വ്യവസായം എന്ന നിലയില്‍ ആദികാലം മുതല്‍ നിലനിന്നുപോരുന്നു. തഴപ്പാനെയ്ത്ത് സ്ത്രീകള്‍ കൂടുതലായി തൊഴിലെടുത്തിരുന്ന മറ്റൊരു പ്രധാനമേഖലയായിരുന്നു. ഓട്ടുപാത്രനിര്‍മ്മാണം, ഇരുമ്പുസാധനങ്ങളുടെ നിര്‍മ്മാണം, സ്വര്‍ണ്ണാഭരണനിര്‍മ്മാണം എന്നിവ കുടില്‍ വ്യവസായമായി പണ്ടുമുതലേ ഇവിടെയുണ്ട്. വീടും വീട്ടുപകരണങ്ങളും നിര്‍മ്മിക്കുവാന്‍ വിദഗ്ധരായ മരപ്പണിക്കാരും പഞ്ചായത്തില്‍ സുലഭമായിരുന്നു. കരിഗ്യാസ് വണ്ടികളുടെ കാലംമുതല്‍ മോട്ടോര്‍വാഹനങ്ങള്‍ ഓടിത്തുടങ്ങിയ ചേര്‍ത്തല-അരൂക്കുറ്റി റോഡ് കടന്നുപോകുന്നത് ഈ പഞ്ചായത്തിലൂടെയാണ്. ഈ പഞ്ചായത്തിന്റെ കിഴക്കേ അതിരിലൂടെയാണ് ദേശീയജലപാത കടന്നുപോകുന്നത്. കൂടാതെ തൃച്ചാറ്റുക്കുളത്തുനിന്നും ചേര്‍ത്തല ചെന്നുചേരുന്ന റോഡും, പെരുമ്പളം കവലയില്‍ നിന്ന് കാട്ടുപുറം പള്ളി വഴി അരൂക്കുറ്റിയിലേക്കുള്ള റോഡും ഇവയില്‍നിന്നൊക്കെ ആരംഭിയ്ക്കുന്ന മറ്റ് നിരവധി റോഡുകളും പഞ്ചായത്തിലുണ്ട്. കലാ-സാംസ്കാരികരംഗത്ത് പ്രശസ്തി പിടിച്ചുപറ്റിയ സ്ഥാപനമാണ് ചെമ്പൈ സ്മാരക കലാകേന്ദ്രം. വര്‍ഷം തോറും കഥകളിവേദിയൊരുക്കുന്നതിലൂടെ പുകള്‍ പെറ്റ നാല്‍പത്തെണ്ണീശ്വരം ക്ഷേത്രം നാടിന്റെ അഭിമാനമാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന അമച്വര്‍ നാടകസംഘങ്ങള്‍ പഞ്ചായത്തിലുണ്ട്.